ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്-വടക്ക് ശർഖിയ, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. കൂടാതെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂമികളിലേക്കും മഴ വ്യാപിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
വിവിധ ഇടങ്ങളിലായി 10മുതൽ 35 മില്ലീമീറ്റർ വരെ മഴ ലഭിക്കുമമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മണിക്കൂറിൽ 27മുതൽ 83 കിലോമീറ്റർ ആയിരിക്കും കാറ്റിന്‍റെ വേഗത. കൂടാതെ പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കാം. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുള്ളതിനാൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം പൊതു സുരക്ഷ മുൻനിർത്തി കുട്ടികൾ വാദികളിൽ എത്താതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ സമാന്യം ഭേദപ്പെട്ട മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചുകൊണ്ടിരുന്നത്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.