കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ലക്ഷ്യ സ്ഥാനത്തേക്ക് പറന്നുയർന്നതിന് പിന്നാലെ തിരിച്ചിറക്കിയ ഒമാൻ എയർവേസ് വിമാനം ഇന്ന് രാത്രി 8.15ന് യാത്രക്കാരുമായി തിരിച്ചു പോകും. ഇതിനായി രണ്ട് പൈലറ്റുമാരെയും അഞ്ചു മറ്റു ജീവനക്കാരെയും ഒമാനിൽനിന്ന് വൈകിട്ട് ഏഴിന് മറ്റൊരു ഒമാൻ എയർവേസ് വിമാനത്തിൽ കോഴിക്കോട് എത്തിക്കും. തിരിച്ചിറക്കിയ ഡബ്ല്യുവൈ 298 (ഒഎംഎ 298) ബോയിങ് 737 വിമാനത്തിന്റെ തകരാർ നേരത്തെ തന്നെ പരിഹരിച്ചിരുന്നു.
162 യാത്രക്കാരും പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരും അടങ്ങിയ വിമാനം രാവിലെ 9.14ന് പുറപ്പെടുകയും അൽപസമയത്തിനകം തന്നെ സാങ്കേതിക തകരാർ കണ്ടെത്തി തിരിച്ചിറക്കുകയുമായിരുന്നു. കാലാവസ്ഥാ നിരീക്ഷണ സംവിധാനമായ വെതർ റഡാർ തകരാറിലായതാണ് ഇതിന് കാരണം. ഇന്ധനം കത്തിച്ചു കളയാനായി രണ്ടര മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമായിരുന്നു രാവിലെ 11.57ന് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്.
അതേസമയം യാത്രക്കാരെ ഹോട്ടലിലേക്കും വിമാനത്താവളത്തിനു സമീപത്ത് നിന്നുള്ളവരെ അവരുടെ വീടുകളിലേക്കും തിരിച്ച് എത്തിച്ചിരുന്നു. എന്നാൽ ഈ വിമാനത്തിലെ ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാൽ അവർ ഹോട്ടലിലെത്തി 11 മണിക്കൂറിനു ശേഷമേ അടുത്ത ഡ്യൂട്ടി ഏൽപ്പിക്കാവൂ എന്നാണ് ചട്ടം. അതിനാലാണ് മറ്റൊരു സംഘം ജീവനക്കാരെ ഒമാനിൽ നിന്നെത്തി ഈ വിമാനം പറത്താനായി ഇപ്പോൾ നിയോഗിച്ചത്.