കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയ്ക്ക്. ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിനാണ് കിരീടം. പുരുഷ ഡബിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ ഇന്തോനേഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ അട്ടിമറിച്ചാണ് ഇവരുടെ വിജയം. അതേസമയം പുരുഷ ഡബിൾസിൽ ആദ്യമായാണ് ഇന്ത്യ ഈ കിരീടം നേടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ നേട്ടത്തിന്. സ്കോർ 17-21, 21-13, 21-14.
ഫൈനൽ മത്സരത്തിൽ വാശിയേറിയ പോരാട്ടമായിരുന്നു സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം മത്സരത്തിൽ പുറത്തെടുത്തത്. ആദ്യ സെറ്റ് 17-21ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ ജോഡികൾ രണ്ടാമത്തെ സെറ്റിൽ അതിശക്തമായ തിരിച്ചുവരവ് നടത്തി 21-13ന് ഗെയിം സ്വന്തമാക്കി. കൂടാതെ നിർണായകമായ മൂന്നാം സെറ്റും 21-14ന് സ്വന്തമാക്കിയതോടെ കിരീടം സാത്വിക്-ചിരാഗ് സഖ്യത്തിന് നേടാനായി. അതേസമയം ഇരുവരുടെയും കരിയറിലെ മൂന്നാമത്തെ സൂപ്പർ 500 കിരീടമാണിത്. നേരത്തെ ഇരുവരും 2019ൽ തായ്ലൻഡ് ഓപ്പണും 2022ൽ ഇന്ത്യ ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്.