ഉമ്മൻചാണ്ടിയെ നെഞ്ചിലേറ്റി ജനസാഗരമായി കേരളം. വിലാപയാത്ര 29 മണിക്കൂർ പിന്നിടുമ്പോൾ വിലാപയാത്ര തിരുനക്കരയിലേക്ക് എത്തി. പുലർച്ചെമുതൽ കാത്തുനിന്ന ജനത്തെകൊണ്ട് തിരുനക്കര തിങ്ങി നിറഞ്ഞിട്ടുണ്ട്. ജനത്തെ നിയന്ത്രക്കാൻ പാടുപെടുകയാണ് പൊലീസ്. 2000 പോലീസുകാരെയാണ് തിരുനക്കരയിൽ വിന്യസിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിയെ അവസാനമായി കാണാൻ നടൻ മമ്മൂട്ടി തിരുനക്കരയിൽ എത്തി. നടൻ പിഷാരടിക്കും നിർമാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്.നടനും മുൻ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട്. കൂടാതെ പ്രമുഖ നേതാക്കളും ഇവിടെയുണ്ട്.
ടെ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധിയും കൊച്ചിയിലെത്തി. രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അറിയിച്ചു. 2 മണിക്ക് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കാനും 5മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.