ഒരു കുടുംബത്തിലെ എല്ലാവരും ജനിച്ചത് ഒരേ ദിവസം. എല്ലാവർക്കും ഒരേ ജനനത്തീയതി. പാകിസ്താനിൽ നിന്നുള്ള ഈ കുടുംബത്തിലെ എല്ലാവരും ജന്മദിനം ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. ഓഗസ്റ്റ് ഒന്നിന്. ലർക്കാന സ്വദേശി ആമിർ അലിയുടെ കുടുംബത്തിലെ ഒൻപത് പേരാണ് ഓഗസ്റ്റ് ഒന്നിന് ജന്മദിനം ആഘോഷിക്കുന്നത്. ഇപ്പോൾ ഈ അപൂർവ നേട്ടത്തിന്റെ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡും ഈ കുടുംബം സ്വന്തമാക്കിയിരിക്കുകയാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്ക്സ് തന്നെയാണ് ഈ അത്ഭുതകരമായ നേട്ടത്തിന്റെ കഥ പങ്കുവെച്ചത്. ആമിർ അലിയും ഭാര്യ ഖുദേജയും ഏഴ് മക്കളും അടങ്ങുന്നതാണ് അലിയുടെ കുടുംബം. അവരിൽ നാല് കുട്ടികൾ ഇരട്ടകളാണ്. എല്ലാവരുടെയും പ്രായം 19 നും 30 നും ഇടയിലാണ്. വളരെ യാദൃശ്ചികമായാണ് എല്ലാവരുടെയും ജന്മദിനം ഓഗസ്റ്റ് ഒന്നായി മാറിയത്. മാത്രമല്ല അമീറിന്റെയും ഖുദേജയുടെയും വിവാഹവാർഷികവും ഓഗസ്റ്റ് ഒന്നിനാണ് എന്നത് മറ്റൊരു അത്ഭുതമാണ്. 1991 ഓഗസ്റ്റ് ഒന്നിനാണ് അലിയും ഖുദേജയും വിവാഹിതരായത്.
അതേസമയം രണ്ട് അപൂർവ നേട്ടങ്ങളാണ് ഈ കുടുംബത്തിന് ലഭിച്ചിരിക്കുന്നത്. ഒമ്പത് കുടുംബാംഗങ്ങൾ ഒരേ തീയതിയിൽ ജനിച്ചു എന്ന ലോക റെക്കോർഡിന് പുറമേ ഒരേ തീയതിയിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ സഹോദരങ്ങൾ എന്ന റെക്കോർഡും ഈ കുടുംബത്തിനാണ്. നേരത്തെ യുഎസ്എയിൽ നിന്നുള്ള കമ്മിൻസ് കുടുംബത്തിൻറെ പേരിലായിരുന്നു ഏറ്റവും കൂടുതൽ സഹോദരങ്ങൾ ഒരേ തീയതിയിൽ ജനിച്ചതിന്റെ റെക്കോർഡ് ഉണ്ടായിരുന്നത്. 1952 നും 1966 നും ഇടയിൽ അഞ്ച് കുട്ടികളാണ് കമ്മിൻസ് കുടുംബത്തിൽ ഫെബ്രുവരി 20 ന് ജനിച്ചത്.