ദോഹയിലെ കോർണിഷിലൂടെ യാത്ര ചെയ്യുന്നവർക്ക് വെസ്റ്റ് ബേയിലെ റോഡരികിലായി നിർത്തിയിട്ട ഇളം പച്ചയും വെളുപ്പും നിറങ്ങളിലെ ഇ- സ്കൂട്ടറുകളിലും സഞ്ചരിക്കാം. കോർണിഷിലെത്തിയതിനു ശേഷം അവിടെയുള്ള ഓഫിസുകളിലും സ്ഥാപനങ്ങളിലും എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമായി വാടകക്ക് എടുത്ത് ഉപയോഗിക്കാവുന്ന ഇ-സ്കൂട്ടറുകളാണ് ഇവ.
അന്താരാഷ്ട്ര പ്രശസ്തമായ ‘ലൈം’ ഇ- സ്കൂട്ടറുകളാണ് ഖത്തറിലെ താമസക്കാർക്കായി ഒരുക്കുന്നത്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ എടുത്ത് ഉപയോഗിച്ച് തിരികെ ഏൽപിക്കാൻ കഴിയുന്നതാണ് ‘ലൈം’ ഇ-സ്കൂട്ടറുകൾ. ഈ വർഷം ജനുവരിയിലാണ് ഖത്തറിൽ ലൈം പ്രവർത്തനമാരംഭിച്ചത്. വെസ്റ്റ് ബേയിലും കോർണിഷിലുമായിരിക്കും സേവനം ലഭ്യമാവുക.
സ്മാർട്ട് ഫോണിൽ ലൈം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിന് ശേഷം വാലറ്റ് റീ ചാർജ് ചെയ്താൽ മാത്രമേ സ്കൂട്ടർ ഉപയോഗിക്കാൻ കഴിയുള്ളു. സ്കൂട്ടറിലെ സ്ക്രീനിൽ ആപ് സ്കാൻ ചെയ്താൽ യാത്ര ആരംഭിക്കാൻ കഴിയും. ആവശ്യമുള്ള സ്ഥലത്ത് പോയി വന്ന ശേഷം സ്കൂട്ടർ പാർക്ക് ചെയ്തു കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്യുന്നതോടെ ട്രിപ് അവസാനിക്കുകയും ചെയ്യും. നിശ്ചിത സമയം ഉപയോഗിച്ചതിന്റെ തുക ഉപഭോക്താക്കളുടെ വാലറ്റിൽ നിന്ന് ഈടാക്കപ്പെടുന്ന രീതിയിലാണ് പ്രവർത്തനം. ഇ-സ്കൂട്ടർ എവിടെയെല്ലാം ലഭ്യമാണെന്ന് ആപ്ലിക്കേഷനിലെ ജി.പി.എസ് വഴി അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.