ബഹിരാകാശത്ത് നിന്നും വീണ്ടും കുട്ടികളുമായി സംവദിക്കാൻ വേദിയൊരുക്കി സുൽത്താൻ അൽ നിയാദി. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ഒരുക്കിവരുന്ന ‘എ കാൾ ഫ്രം സ്പേസ്’ സംവാദ പരമ്പരയുടെ ഭാഗമായി ഷാർജയിലെ ബഹിരാകാശ, സാങ്കേതികവിദ്യ അക്കാദമിയിൽ വിദ്യാർത്ഥികളടക്കമുള്ളവരുമായി ബഹിരാകാശത്തെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അൽ നെയാദി.
ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയടക്കം പ്രമുഖരും സംവാദ സദസിൽ പങ്കെടുത്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തത്സമയം സംസാരിച്ച അൽ നെയാദി ബഹിരാകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയും നൽകി. അറബ് യുവസമൂഹത്തിന് പ്രചോദനമാണ് അൽ നെയാദിയെന്നും പരീക്ഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും ആശംസ നേരുന്നതായും ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പറഞ്ഞു.
അറബ് ലോകത്തെ ആദ്യ ദീർഘദൂര ബഹിരാകാശ യാത്രികനായ അൽ നെയാദി മാർച്ച് മൂന്നിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്. ആറുമാസത്തെ ദൗത്യം അവസാനിപ്പിച്ച് ആഗസ്റ്റ് അവസാനത്തിൽ അൽ നെയാദി തിരിച്ചെത്തും. ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് വംശജൻ എന്ന റെക്കോർഡും നെയാദിക്ക് സ്വന്തമാണ്.