ബിജെപി പ്രവർത്തകനായിരുന്ന നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഭീമൻ രഘു പറഞ്ഞു. കഴിവുകൾ കാണിക്കാൻ അവസരം ബിജെപി തരുന്നില്ലെന്നും 2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രചാരണത്തിന് എത്താൻ സുരേഷ് ഗോപി ചേട്ടനെ വിളിച്ചെങ്കിലും പിഎ യാണ് ഫോൺ എടുത്തത്. അവസാനത്തെ തവണ അദ്ദേഹം എടുത്തു. പത്തനാപുരത്ത് വരാൻ പറ്റില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മാനസികമായി ഏറെ വേദനയുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നും ഭീമൻ രഘു വ്യക്തമാക്കി. സിപിഎം തിരഞ്ഞെടുക്കാൻ കാരണം ലഘിതമായ ഭരണഘടനയാണ്. പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ ഭരണഘടനയുണ്ട്. താൻ രാഷ്ട്രീയം പഠിക്കാനാണ് ബിജെപിയിൽ ചേർന്നതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.