കോട്ടയത്തെ എലിക്കുളത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പിന് ഗംഭീര തുടക്കം. ട്രൂപ്പിന്റെ ഉദ്ഘാടകയായെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു ജനപ്രതിനിധികള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പം പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
കഴിവില്ലാത്തവർ എന്ന് മുദ്രകുത്തപ്പെടുന്നവരാണ് ഭിന്നശേഷിക്കാർ. അവരുടെ ഉള്ളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോഴും അവരെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന സംരംഭങ്ങളിൽ പങ്കാളിയാകുമ്പോഴും ആരുടെ ഹൃദയവും നൃത്തം ചെയ്ത് പോകുമെന്ന് മന്ത്രി ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തി എലിക്കുളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ‘മാജിക് വോയ്സ്’ ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു എന്നും മന്ത്രി കുറിച്ചു.
അരയ്ക്ക് താഴോട്ട് തളര്‍ന്ന് പോയവരും ശാരീരിക പരിമിതികള്‍ മൂലം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവർക്കും വേണ്ടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഗാനമേള ട്രൂപ്പ് ആരംഭിച്ചത്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ട്രൂപ്പിനുളള സംഗീത ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്. അതേസമയം കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കലാകാരന്മാര്ക്കായി സംഗീത ട്രൂപ്പ് സംഘടിപ്പിക്കുന്നതെന്ന് എലിക്കുളം ഗ്രാമപഞ്ചായത്ത് അവകാശപ്പെട്ടു. ഇതിലൂടെ വലിയ മാറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഉറപ്പാണെന്ന് അധികൃതരും നാട്ടുകാരും കൂട്ടിച്ചേർത്തു.