സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ നിലവിൽ വന്നു. കാറും ബസും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വേഗപരിധി ഉയർത്തിയും ഇരുചക്ര വാഹനങ്ങൾക്ക് വേഗത കുറച്ചുമാണ് പരിധി പുനർനിശ്ചയിച്ചത്. നഗരപരിധിയിൽ 50 കിലോമീറ്ററാണ് എല്ലാ വാഹനങ്ങൾക്കും നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗതയെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. ഇരുചക വാഹനങ്ങളുടെ പരമാവധി വേഗം 70 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറച്ചു. ഓട്ടോകൾക്കും സ്കൂൾ വാഹനങ്ങൾക്കും 50 കിലോമീറ്ററുമാണ് പരമാവധി വേഗത.
സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്. പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയമായ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്. ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്ററും ആണ്.