നിശബ്ദ കൊലയാളിയായ കാർബൺ മോണോക്സൈഡിനേക്കുറിച്ച് ഡ്രൈവർമാർക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. കാറിന്റെ പ്രകടനവും വേഗതയും വർധിപ്പിക്കുന്നതിനായി എഞ്ചിന്റെ പവർ കൂട്ടി വാഹനമോടിക്കുന്നവർക്ക് കാർബൺ മോണോക്സൈഡ് വിഷബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാർബൺ മോണോക്‌സൈഡ് വിഷബാധയേറ്റ് ആറുപേർ ഈ വർഷം മരിച്ചതായും ഫോഴ്‌സിന്റെ ഫോറൻസിക് സയൻസ് ആന്റ് ക്രിമിനോളജി വിഭാഗം ഡയറക്ടർ മേജർ ജനറൽ അഹമ്മദ് ബിൻ ഗുലിത പറഞ്ഞു.
വേഗത വർധിപ്പിക്കുന്നതിനായി കാറുകൾ അവയുടെ ഉടമകൾ പരിഷ്‌ക്കരിക്കുമ്പോഴാണ് പലപ്പോഴും ഇത്തരം മാരകമായ സംഭവങ്ങൾ ഉണ്ടാകുന്നത്. മനുഷ്യന് തിരിച്ചറിയാൻ സാധിക്കുന്ന മണമോ നിറമോ ഇല്ലാത്തതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്. അതിനാൽ ഇതിനെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നതെന്നും വാതകം, എണ്ണ തുടങ്ങിയ ഇന്ധനങ്ങൾ പൂർണമായി കത്തിത്തീരാതിരിക്കുമ്പോഴാണ് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നതെന്നും അഹമ്മദ് ബിൻ ഗുലിത പറഞ്ഞു.
തകരാറുള്ള എക്‌സ്‌ഹോസ്റ്റ്, എമിഷൻ സംവിധാനങ്ങൾ, മോശമായി ട്യൂൺ ചെയ്ത എഞ്ചിനുകൾ, ഗാരേജുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ ഓടുന്ന കാറുകൾ എന്നിവയാണ് കാർബൺ മോണോക്‌സൈഡ് വിഷബാധയുണ്ടാകാനുള്ള പ്രാധാനപ്പെട്ട കാരണങ്ങൾ. അറ്റകുറ്റപ്പണികൾ നടത്താത്ത പഴയ കാറുകൾക്കുള്ളിലും ചിലപ്പോൾ കാർബൺ മോണോക്സൈഡ് പ്രവർത്തനം ഉണ്ടാകാറുണ്ടെന്ന് ഫോഴ്‌സിന്റെ ഫോറൻസിക് എഞ്ചിനീയറിംഗ് വിഭാഗം ഡയറക്ടർ മേജർ ഡോ. മുഹമ്മദ് അൽ ഖാസിം പറഞ്ഞു. എസി ഓൺ ചെയ്ത് വെച്ചശേഷം കാറിൽ ഇരുന്ന് ഉറങ്ങുന്നവർക്കും പോലീസ് മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് 20 മിനിറ്റിൽ കൂടുതൽ എഞ്ചിൻ പ്രവർത്തിക്കുന്ന ഓടാതെ കിടക്കുന്ന വാഹനങ്ങളിൽ ആരും സമയം ചിലവഴിക്കരുതെന്നും അധികൃതർ പറഞ്ഞു.
തലവേദന, ക്ഷീണം, തലകറക്കം, ശ്വാസതടസം, ശർദ്ദി എന്നിവയാണ് കാർബൺ മോണോക്സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ ആളുകൾക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ലെന്നും അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.