ബഹ്റൈനിൽ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വ്യവസായ വാണിജ്യ മന്ത്രാലയം. രാജ്യത്ത് നിലവിലെ നിയമങ്ങൾ ലംഘിച്ച രണ്ട് കമ്പനികൾ അടച്ച് പൂട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഊർജ്ജിതമാക്കിയതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. വർക്ക് സൈറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. സിആറുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം ചില സ്ഥാപനങ്ങൾ നിരന്തരമായി നിരീക്ഷിച്ച് വരുകയാണെന്നും മന്ത്രാലയം പറഞ്ഞു. രാജ്യത്തെ സൗകര്യങ്ങൾ ദുരുപയോഗംചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് വ്യവസായ വാണിജ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കൂടാതെ വാണിജ്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്തരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (എൽഎംആർഎ) ഏകോപിപ്പിച്ചാണ് പരിശോധന നടക്കുന്നത്. നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് സിആർ അനുവദിക്കുന്നത് പ്രാദേശിക വിപണിയെയും പൗരന്മാരുടെ ബിസിനസ് സംരംഭങ്ങളെയും ബാധിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെനിരീക്ഷണം.
അതേസമയം കഴിഞ്ഞ ദിവസം എല്ലാ ഗവർണറേറ്റുകളിലെയും സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ എൽഎംആർഎ അഞ്ച് സംയുക്ത പരിശോധനാ പരിപാടികൾ നടത്തിയിരുന്നു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കാപിറ്റൽ, നോർത്തേൺ, സതേൺ ഗവർണറേറ്റുകളിൽ എൽഎംആർഎ പരിശോധന നടത്തിയത്.
ട്രേഡിങ് കമ്പനികളുമായി ഇടപാട് നടത്തുന്ന ഉപഭോക്താക്കൾ അതിന്റെ സ്റ്റാറ്റസും പ്രവർത്തനങ്ങളും പരിശോധിച്ച് ഉറപ്പ്നി വരുത്തണം. നിയമ ലംഘനങ്ങൾ വാട്സ്ആപ് (17111225), ഇ-മെയിൽ ([email protected]) വഴി റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം ബിസിനസുകളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളും ലൈസൻസുകളും നിരീക്ഷിച്ച് വരുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് പുതിയ സിആർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പാർലമെന്ററി അന്വേഷണസമിതി ശുപാർശ ചെയ്തിരുന്നു.