ആധാർ കാർഡും പാൻ കാർഡും തമ്മിൽ ജൂൺ 30നകം ലിങ്ക് ചെയ്യാൻ നിർദേശം. ജൂൺ 30ന് ശേഷം കാർഡുകൾ ലിങ്ക് ചെയ്യാൻ ഫീസ് നൽകണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 1000 രൂപയായിരിക്കും ഫീസായി ഈടാക്കുക. 1961 ആദായ നികുതി നിയമപ്രകാരം ജൂൺ 30നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാക്കുകയും ചെയ്യുമെന്ന് ആദായ നികുതി വകുപ്പ് കൂട്ടിച്ചേർത്തു.
ഇ-പേ ടാക്സ് ഫീച്ചറിലൂടെയാണ് ഫീസ് അടയ്ക്കേണ്ടത്. അതേസമയം പാൻകാർഡ് അസാധുവായാൽ ആ കാർഡ് ഉപയോഗിച്ച് ചെയ്യുന്ന ആദായ നികുതി റിട്ടേണുകൾക്ക് റീഫണ്ട് ലഭിക്കില്ല എന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ പിടിച്ചുവെച്ച റീഫണ്ട് തുകക്ക് പലിശയും ലഭിക്കില്ല.
പാൻകാർഡ് പിന്നീട് ആക്ടീവായതിന് ശേഷം മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു. മാത്രമല്ല ടിഡിഎസിനും ടിസിഎസിനും ഉയർന്ന നിരക്കായിരിക്കും ഈടാക്കുക. അതേസമയം കുട്ടികളുടെ ആധാറും പാൻകാർഡും ലിങ്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 500 രൂപയായിരിക്കും ഫീസായി ഈടാക്കുക എന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.