ബലിപെരുന്നാളിനോടനുബന്ധിച്ച് കൂടുതൽ സുരക്ഷാ ഉറപ്പാക്കുന്നതിന് പട്രോളിംഗ് ശക്തമാക്കാൻ ഒരുങ്ങി അബുദാബി പോലീസ്. ഇതിനായി പ്രത്യേകം ട്രാഫിക് പ്ലാൻ തയ്യാറാക്കിയതായി അബുദാബി പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. വാണിജ്യ കേന്ദ്രങ്ങൾ, പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും അവധിക്കാലത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന വിനോദ സഞ്ചാര മേഖലകളിലും പട്രോളിംഗ് ശക്തമായിരിക്കും. കൂടാതെ ആഭ്യന്തര, ബാഹ്യ റോഡുകളിലും സുരക്ഷാ പട്രോളിംഗ് ശക്തമായിരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കണമെന്ന് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ പെരുന്നാൾ ആഘോഷിക്കുന്ന സമയത്തോ മറ്റേതെങ്കിലും പ്രവർത്തനങ്ങളിലോ ആയി പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പോലീസ് പ്രത്യേകം ശ്രദ്ധിക്കും. ഇതിന് അബുദാബി പോലീസ് കമ്മ്യൂണിറ്റി അംഗങ്ങളോടും നിയമങ്ങൾ പാലിക്കണമെന്നും പടക്ക വ്യാപാരം നടത്തുന്നവരോടും ഒരു തരത്തിലും ഇടപെടരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അശ്രദ്ധമായ ഡ്രൈവിംഗ്, ജനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള ഓട്ടം സംഘടിപ്പിക്കൽ, അപകടകരമായ സ്റ്റണ്ടുകൾ എന്നിങ്ങനെ ഉത്തരവാദിത്തമില്ലാതെയുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കണം. കൂടാതെ യുവ ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ നല്ല രീതിയിലുള്ള പെരുമാറ്റം കാണിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ട്രാഫിക് നിയമങ്ങൾ പാലിക്കുകയും അമിത വേഗത ഒഴിവാക്കാനും ഇവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.