അറഫ ദിനത്തിൽ മസ്ജിദുന്നമിറയിൽ നടക്കുന്ന അറഫ പ്രസംഗം 20 ഭാഷകളിലായി പരിഭാഷപ്പെടുത്തുന്നതിനുള്ള ഒരുക്കം പൂർത്തിയാക്കി ഇരുഹറം കാര്യാലയം. ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംകൾക്കും ഇത്തവണ 20 ലോക ഭാഷകളിൽ ഒരേസമയം പ്രഭാഷണം കേൾക്കാനാവും. ‘മനാറത്ത് അൽഹറമൈൻ പ്ലാറ്റ്ഫോമി’ന്റെ സഹായത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
30 കോടിയിലധികം ആളുകളിലേക്ക് അറഫയുടെ സന്ദേശമെത്തിക്കാനാണ് ഇരുഹറം മന്ത്രാലയം ലക്ഷ്യമിടുന്നത്. അതേസമയം ലോകത്തിന് ഇരുഹറമുകളുടെ സന്ദേശമെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് അറഫ പ്രസംഗം വിവർത്തനം ചെയ്യുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
വിഷൻ-2030 നോടനുബന്ധിച്ച് ഇരുഹറമുകളും സാക്ഷ്യം വഹിക്കുന്ന വികസനത്തിന്റെ വേഗത്തിനൊപ്പം മുന്നേറുന്നതിന്റെ ഭാഗം കൂടിയാണിത്. അഞ്ച് വർഷം മുമ്പ് അഞ്ച് ഭാഷകളിലേക്ക് അറഫ പ്രസംഗം മൊഴിമാറ്റിക്കൊണ്ടാണ് വിവർത്തന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അന്ന് 1.3 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
അതേസമയം അടുത്തിടെ വിവർത്തനം ചെയ്യുന്ന ഭാഷകളുടെയും പ്രക്ഷേപണാലയങ്ങളുടെയും എണ്ണം കൂട്ടി. ഭാഷകളുടെ എണ്ണം 14 ആയി ഉയർത്തുകയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളുടെ എണ്ണം നാലായി വർധിപ്പിക്കുകയും ചെയ്തു. കൂടാതെ ടെലിവിഷൻ സംപ്രേഷണവും ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 2.3 കോടി ആളുകൾ ഇതിന്റെ ഗുണഭോക്താക്കളായെന്നാണ് ഔദ്യോഗിക കണക്കുകൾ.