മാംസത്തോടൊപ്പം ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ഒരാൾ കസ്റ്റംസ് പിടിയിൽ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശിയാണ് പിടിയിലായത്. ബാഗിൽ ഉണ്ടായിരുന്ന മാംസത്തിന്റെ കവറിനുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് പരിശോധന നടത്തിയതിനേത്തുടർന്നാണ് യുവാവ് പിടിയിലാകുന്നത്.
മെറ്റാംഫിറ്റമീനും ഹെറോയിനും കൊക്കെയിനുമാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൽ ശ്രമിച്ചത്. 242 ഗ്രാം മെറ്റാംഫിറ്റമീനും 647 ഗ്രാം ഹെറോയിനും 1090 ഗ്രാം കൊക്കെയിനും കസ്റ്റംസ് പിടിച്ചെടുത്തു. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കൊണ്ട് വരുന്നത് കണ്ടെത്താൻ ശക്തമായ സുരക്ഷാ സംവിധാനവും നൂതന ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കള്ളക്കടത്ത് അനുവദിക്കില്ലെന്നും ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.