ഗുസ്തി ഫെഡറേഷൻ സംഘടനയുടെ തെരഞ്ഞെടുപ്പ് ജൂലൈ നാലിന് നടക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി മുൻ ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് മഹേഷ് കുമാർ മിത്തലിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി നിയമിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷം മൂന്ന് തവണയും ബ്രിജ്ഭൂഷൺ ശരൺ സിംഗാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരുന്നത്. അതേസമയം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഹരിയാനയിൽ ഖാപ് നേതാക്കൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാൽ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷന്റെ മണ്ഡലമായ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ പറഞ്ഞു. മത്സരിക്കുക മാത്രമല്ല വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബ്രിജ് ഭൂഷൺ അവകാശപ്പെടുന്നു. ഉത്തർപ്രദേശിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ 2024 ൽ ബി.ജെ.പി തന്നെ സർക്കാർ രൂപീകരിക്കുമെന്നും ലൈംഗികാതിക്രമക്കേസ് പ്രതിയായ ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഗുസ്തി താരങ്ങൾ ഒരുങ്ങുന്നതിനിടെയാണ് പുതിയ പരാമർശം.