ഏറെ വിവാദം സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’യ്ക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ സുദീപ്തോ സെൻ. കേരള സ്റ്റോറിയുടെ നിർമാതാവ് വിപുൽ ഷാ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് പുതിയ ചിത്രത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ അമ്പത് വര്‍ഷത്തെ മാവോയിസ്റ്റ് ചരിത്രമാണ് പുതിയ സിനിമയുടെ ഇതിവൃത്തം. അതേസമയം ഒരുപാട് സംതൃപ്തി നൽകിയ ചിത്രമായിരുന്നു ‘ദികേരള സ്റ്റോറി’. ചിത്രത്തിന്റെ നിർമാതാവ് വിപുൽ ഷാക്കൊപ്പമാണ് അടുത്ത ചിത്രവും ഒരുക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള മറ്റു തയാറെടുപ്പുകൾ അണിയറയിൽ നടക്കുകയാണ് എന്നും അഭിമുഖത്തിൽ സുദീപ്തോ സെൻ പറഞ്ഞു.
അതേസമയം തിയറ്റർ പ്രദർശനത്തിന് ശേഷം ഒ.ടി.ടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ് ‘ദി കേരള സ്റ്റോറി’. ജൂൺ 23 ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു വിവാദങ്ങൾ ഉയർന്നത്. എന്നാൽ പ്രതിഷേധങ്ങൾ രൂക്ഷമായിരുന്ന സാഹചര്യത്തിലും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. ഷാറൂഖ് ഖാന്റെ പത്താന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമെന്ന റെക്കോർഡും ദി കേരള സ്റ്റോറി സ്വന്തമാക്കി.