പത്തു വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ വിറങ്ങലിച്ച് കാനഡ. വന്‍ നാശം വിതച്ച് കാട്ടുതീ വ്യാപിക്കുന്നു. ക്യുബക്ക്, ടൊറൻ്റൊ, ഒൻ്റാരിയോ എന്നീ നഗരങ്ങളെയാണ് പ്രധാനമായും കാട്ടുതീ ബാധിച്ചിട്ടുള്ളത്. ആയിരക്കണക്കിനു ജനങ്ങളെ ഇതിനോടകം നഗരങ്ങളിൽ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വിവിധ ഇടങ്ങളിലായി 160ഓളം തീപിടിത്തങ്ങളാണ് ഇതിനകം ഉണ്ടായത്. ക്യൂബക് മേഖലയിലാണ് കാട്ടുതീ രൂക്ഷമായത്. ഇതിൽ 114 എണ്ണവും നിയന്ത്രണാതീതമാണെന്നാണ് റിപ്പോർട്ടുകൾ. ക്യുബക് സിറ്റിയില്‍ മാത്രം 20,000 ഹെക്ടര്‍ പ്രദേശം കത്തി നശിച്ചു.
ഇടിമിന്നലിൽ നിന്നാണ് കാട്ടുതീ പടർന്നതെന്നാണ് സൂചനകൾ. സ്ഥിതി രൂക്ഷമായതോടെ കാനഡ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്.
കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്നായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തിൽ ഉൾപ്പടെ പല മേഖലകളിലും കനത്ത പുക അനുഭവപ്പെട്ടു. വീടിന് പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കാൻ അധികൃതർ ന്യൂയോർക്കിലെ ജനങ്ങൾക്ക് കർശന നിർദേശം നൽകി.
പുകപടലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
ഇതിനിടെ യുഎഇ പൌരൻമാർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് കാനഡയിലെ യുഎഇ എംബസി അറിയിച്ചു. എമിറാറ്റികൾക്ക് അടിയന്തര സാഹചര്യത്തിൽ വിളിക്കാൻ 613 565 8822 എന്ന നമ്പറും അതോറിറ്റി നൽകിയിട്ടുണ്ട്.