എ ഐ ക്യാമറ: ആദ്യ മണിക്കൂറുകളിലെ നിയമ ലംഘന കണക്ക് പുറത്ത്, ഒന്നാം സ്ഥാനത്ത് കൊല്ലം ജില്ല
എ ഐ ക്യാമറ പ്രവർത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
726 എഐ ക്യാമറകളാണ് ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര, അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്താനായി 675 ക്യാമറകളും അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ച് പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും.
നിയമലംഘനം ക്യാമറയിൽ പെട്ടാൽ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. 14 ദിവസത്തിനുള്ളിൽ നോട്ടീസും ഇ- ചെല്ലാനും വീട്ടിലെത്തും. 30 ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് തുടർ നടപടികളിലേക്ക് കടക്കും. നോട്ടീസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർടി ഓഫീസുകളിൽ നേരിട്ട് എത്തിയും പിഴ അടയ്ക്കാം. മോട്ടർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കാം.