കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പമാണ് താൻ’ എന്ന നിലപാടാണ് ശിവൻകുട്ടി സ്വീകരിച്ചത്.
ജാമ്യത്തിൽ പുറത്തിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷനാണ് മാലയിട്ട് സ്വീകരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മന്ത്രി ശിവൻകുട്ടി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരണവുമായി നേരത്തെ പരാതിക്കാരി രംഗത്തെത്തിയിരുന്നു. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതെന്നാണ് യുവതി പറഞ്ഞത്. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ പലരും വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും യുവതി പറഞ്ഞിരുന്നു.