പള്ളി നിർമാണത്തിലെ കണക്ക് സംബന്ധിച്ച് തർക്കത്തിന് പിന്നാലെ വികാരിയും വിശ്വാസികളും തമ്മിലുള്ള തർക്കം മുറുകി. പിന്നാലെ ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി വികാരി കൂട്ട മരണ കുർബാന നടത്തി. തൃശൂർ പൂമല ലിറ്റിൽ ഫ്ളവർ പള്ളിയിലാണ് സംഭവം. കോടികൾ മുടക്കി ഇവിടെ പുതിയ പള്ളി നിർമിച്ചിരുന്നു. ഇതിന്റെ കണക്ക് സംബന്ധിച്ച് തർക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടവകയിലെ വിശ്വാസികളിൽ ചിലർ പള്ളിക്ക് മുന്നിൽ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.
പള്ളി നിർമാണത്തിന് ശേഷം കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കാത്തതാണ് തർക്കങ്ങളുടെ തുടക്കം. പള്ളി നിർമാണത്തിന് നേതൃത്വം നൽകിയിരുന്നത് വികാരി ഫാ.ജോയസൺ കോരോത്താണ്. അഞ്ചര കോടിയോളം രൂപ ഇതിനായി വിശ്വാസികളിൽ നിന്ന് പിരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
ഭാരവാഹികളുടേയും വിശ്വാസികളുടേയും നിരന്തര ആവശ്യങ്ങളെ തുടർന്ന് രൂപതയിൽ നിന്ന് കണക്ക് അവതരിപ്പിക്കാൻ നിർദേശം ലഭിച്ചു. തുടർന്ന് ഏഴ് മാസത്തിന് ശേഷം കണക്ക് അവതരിപ്പിച്ചു. കണക്കിനെ ചൊല്ലി പ്രതിഷേധമുയർന്നു. ഇതിനിടെ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരിൽ വികാരിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ സംഘടിക്കുകയും ചെയ്തിരുന്നു.