2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സംയുക്തമായ പ്രതിപക്ഷ സാധ്യത പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ആളുകളെ അത്ഭുതപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുല് ഗാന്ധി കൂട്ടിച്ചേർത്തു. യുഎസിൽ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി ഇന്നലെ വാഷിങ്ടനിലെ നാഷനൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു.
മോദി എന്തുകൊണ്ടാണ് ഇവിടേക്ക് വരാത്തത്. ചോദ്യങ്ങൾ നേരിടാൻ അദ്ദേഹം തയാറാകാത്തത് എന്തുകൊണ്ടാണ് എന്നീ ചോദ്യങ്ങൾ രാഹുൽ ഉന്നയിച്ചു. കൂടാതെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാസങ്ങൾ മാത്രം ശേഷിക്കേ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് നല്ല ഐക്യമുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചർച്ച നടത്തി വരികയാണ്. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ മത്സരിക്കുന്ന ഇടങ്ങൾ ഉള്ളതിനാൽ സങ്കീർണമായ ചർച്ചയാണ് നടക്കുന്നത്. കുറച്ച് കൊടുക്കൽ വാങ്ങലുകൾ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ‘മഹാ പ്രതിപക്ഷ സഖ്യം’ സംഭവിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ പേരിൽ പാർലമെന്റ് അംഗത്വം നഷ്ടപ്പെട്ടതിനെ കുറിച്ചും രാഹുൽ തുറന്ന് സംസാരിച്ചു. അത് വലിയ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുലിന്റെ ജീവന് നേരെയുള്ള ഭീഷണികളെക്കുറിച്ച് ആശങ്കയില്ലെന്നും അതൊന്നും പിന്മാറാനുള്ള കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വധഭീഷണിയെക്കുറിച്ച് ആശങ്കയില്ല. എല്ലാവരും മരിക്കും. മുത്തശ്ശിയിൽ നിന്നും അച്ഛനിൽ നിന്നും പഠിച്ച പാഠം അതാണ് എന്നും അദ്ദേഹം പറഞ്ഞു.