എസ് എം എ രോഗ ബാധിതയായ 14 കാരിക്ക് സൗജന്യ ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ്. കോഴിക്കോട് സ്വദേശിനിയായ സിയ മെഹറിന് ഇനി നിവർന്നിരിക്കാം. വർഷങ്ങളായി അലട്ടുന്ന എസ്എംഎ രോഗം മൂലമുള്ള സ്‌കോളിയോസിസ് കാരണം നിവർന്നിരിക്കാനോ കിടക്കാനോ പോലുമാകാത്ത സിയ മെഹ്‌റിന്റെ ദുരിത ജീവിതത്തിന് ഇതോടെ താത്കാലിക ആശ്വാസമായി. എസ്എംഎ രോഗം മൂലം വലയുന്ന മനുഷ്യരിൽ ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നത് രോഗം മൂലമുണ്ടാകുന്ന സ്‌കോളിയോസിസാണ്. നട്ടെല്ല് വളയുന്ന അസുഖമാണ് സ്‌കോളിയോസിസ്.
അതേസമയം എസ്എംഎ രോഗത്തിന്റെ ഭാഗമായുള്ള നട്ടെല്ലിന്റെ വളവ് നിവർത്താനുള്ള ശസ്ത്രക്രിയ ആദ്യമായാണ് സർക്കാർ തലത്തിൽ സൗജന്യമായി പൂർത്തിയാക്കുന്നത്. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഓർത്തോ സർജൻ ഡോക്ടർ അശോകിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സിയയുടെ നട്ടെല്ലിന്റെ വളവ് കൂടിയതോടെ കിടക്കിയിൽ ഇരുന്ന് തലയിണകളുടെ സഹായത്തോടെ മാത്രമേ ചാഞ്ഞിരുന്ന് സിയയ്ക്ക് ഉറങ്ങാൻ പോലും കഴിയുമായിരുന്നുള്ളു.130 ഡിഗ്രി വളവു വന്നു പോയിരുന്ന സിയയുടെ അതിസങ്കീർണമായ ശസ്ത്രക്രിയ 10 മണിക്കൂറോളം സമയമെടുത്താണ് വിദഗ്ധസംഘം വിജയകരമായി പൂർത്തിയാക്കിയത്.
സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗത്തിൽ വരുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് സ്‌കോളിയോസിസ് അഥവാ നട്ടെല്ലിന്റെ വളവ്. നട്ടെല്ലിനെ നിവർത്തി നിലനിർത്താൻ സഹായിക്കുന്ന പേശികൾക്കും ബലക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്‌കോളിയോസിസ് വരുന്നതോടെ ഒടിഞ്ഞു മടങ്ങിയിരിക്കേണ്ടി വരുന്ന രോഗിയുടെ ആന്തരിക അവയവങ്ങൾ ചുരുങ്ങി ക്രമേണ വൈകല്യത്തിലേക്ക് എത്തുന്നു. ശ്വാസകോശങ്ങളുടെ സങ്കോച വികാസം സ്‌കോളിയോസിസ് മൂലം വികലമാവുന്നതാണ് ഏറ്റവും ഗുരുതരം. സ്രവങ്ങൾ പുറന്തള്ളാൻ ബുദ്ധിമുട്ടിയും, തുടരെ അണുബാധയിലേക്കും ന്യൂമോണിയയിലേക്കും തള്ളിവിട്ടും ജീവിതം ദുസ്സഹമാക്കുന്നതും മരണം വരെ സംഭവിക്കുന്നതും സാധാരണമാണ്.
അതേസമയം 15 ലക്ഷം രൂപ വരെ വരുന്ന ശസ്ത്രക്രിയ സർക്കാർ സൗജന്യമായി നൽകാൻ തയ്യാറായതോടെ ഒരു വലിയ വിഭാഗം എസ്എംഎ രോഗികൾക്കാണ് ആശ്വാസമാവുന്നത്. ടൈപ്പ് 2 എസ്എംഎ രോഗികൾ, ടൈപ്പ് 3 -ൽപ്പെട്ട കൂടുതൽ ബലക്ഷയം ഉള്ളവർ എന്നിവരിൽ സ്‌കോളിയോസിസ് രൂപപ്പെടുകയും ഗുരുതരമായി ബാധിച്ച് മരണം വരെ സംഭവിക്കുകയും ചെയ്യാം. നിരന്തരമായ പരിശോധനകൾ,ഫിസിയോതെറാപ്പി എന്നിവയ്ക്ക് തന്നെ പണം ചെലവഴിക്കാൻ ബുദ്ധിമുട്ടുന്നവരാണ് പല എസ്എംഎ രോഗികളും. അതിനാൽ രോഗികൾക്ക് ഏറ്റവും ആശ്വാസം നൽകിയ സർക്കാർ തീരുമാനമാണ് ഇതോടെ യാഥാർത്ഥ്യമായത്.