അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി ഭീതി പടർത്തുന്നു. കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് നാട്ടുകാർ അരിക്കൊമ്പനെ കണ്ടത്. നിരത്തിലേ ക്കിറങ്ങി വാഹനങ്ങൾ തകർത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അരിക്കൊമ്പനെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്.
അതേസമയം ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ സഞ്ചരിച്ച് ടൗണിലെത്തിയതാണെന്നാണ് നിഗമനം. കൂടാതെ അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കുന്നതിന് ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴായിരുന്നു അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിച്ചിരുന്നത്. ഒരു മണിക്കൂറിനിടെ അരിക്കൊമ്പൻ ഏത് ദിശയിലെത്തുമെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ സജ്ജമാക്കിയിരുന്നു. എന്നാൽ അരിക്കൊമ്പനെ കണ്ടെത്താൻ പലപ്പോഴും സാധിച്ചിരുന്നില്ല.
നിലവിലെ സാഹചര്യത്തിൽ കമ്പം ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറടക്കം അരിക്കൊമ്പനുള്ള പ്രദേശത്തേക്ക് എത്തും. എന്നാൽ കൊമ്പനെ ഏത് ദിശയിലേക്ക് ഓടിക്കണമെന്ന തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തിയാവും തീരുമാനം.