ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. വിരമിക്കൽ തീരുമാനമെടുക്കാൻ ധാരാളം സമയമുണ്ടെന്നും ഇപ്പോൾ എന്തിനാണ് അതിനേക്കുറിച്ചോർത്ത് തലവേദനിക്കുന്നതെന്നുമാണ് ധോണി പ്രതികരിച്ചത്.
ഐപിഎൽ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി പത്താം ഫൈനലിലേക്ക് ടീമിനെ നയിച്ചശേഷമാണ് ക്രിക്കറ്റ് കമൻ്റേറ്റർ ഹർഷ ഭോഗ്ലേ ധോണിയോട് വിരമിക്കുന്നത് സംബന്ധിച്ച ചോദ്യം ചോദിച്ചത്. ഡിസംബറിലാണ് അടുത്ത ഐപിഎൽ മിനി താരലേലം ആരംഭിക്കുന്നത്. അതിന് ഇനിയും മാസങ്ങളുണ്ട്. അതിന് മുമ്പ് ഇത് സംബന്ധിച്ച തീരുമാനമെടുത്താൽ മതിയെന്നും കളിക്കാരനായിട്ടായാലും കാഴ്ചക്കാരനായിട്ടായാലും എപ്പോഴും ചെന്നൈക്കൊപ്പം താനുണ്ടാകുമെന്നും ധോണി പറഞ്ഞു.
ഐപിഎൽ ആദ്യ ക്വാളിഫയറിൽ 15 റൺസിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് പത്താം ഐപിഎൽ ഫൈനലിലെത്തിയത്. പത്ത് തവണയും ധോണിയുടെ ക്യാപ്റ്റൻസിയിലാണ് ചെന്നൈ ഫൈനലിലെത്തിയത്. ഇതിൽ നാല് തവണ കിരീടവും നേടിയിരുന്നു.