ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൗദി മന്ത്രാലയം. ഇന്ത്യ പിൻവലിക്കാൻ തീരുമാനിച്ച 2000 രൂപയുടെ നോട്ടുമായി ഹജ്ജ് തീർത്ഥാടനത്തിനായി വരരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ഹജ്ജ് തീർത്ഥാടനത്തിനെത്തുമ്പോൾ ചിലവുകൾക്കായി പലരും സ്വന്തം രാജ്യത്തെ കറൻസി കയ്യിൽ കരുതുകയും പിന്നീട് എക്സ്ചേഞ്ച് ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാൽ 2000 രൂപയുടെ നോട്ട് ഇന്ത്യൻ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചതോടെ ഇതിന് പകരമായി സൗദിയിൽ റിയാൽ നൽകുന്നത് പല മണി എക്സ്ചേഞ്ചുകളും നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രാലയം ഇങ്ങനെയൊരു മുന്നറിയിപ്പുമായെത്തിയത്.
സെപ്റ്റംബർ 30 വരെ 2000 രൂപയ്ക്ക് പ്രാബല്യമുണ്ടെങ്കിലും പല രാജ്യങ്ങളിലും മണി എക്സ്ചേഞ്ചുകൾ 2000 രൂപയുടെ വിനിമയം ഇതിനോടകം നിർത്തലാക്കിയിട്ടുണ്ട്. യുഎഇയിലും നോട്ട് മാറാൻ മണി എക്‌സ്‌ചേഞ്ചുകൾ വിസമ്മതിച്ചിരിക്കുകയാണ്. ഇതോടെ യുഎഇയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾ കടുത്ത പ്രതിസന്ധിയിലാണ്.