തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയാണെങ്കിൽ അവരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച തൊഴിലില്ലായ്മ ഇൻഷുറൻസിനായി യുഎഇയിൽ ഇതുവരെ അപേക്ഷിച്ചത് 2 ദശലക്ഷത്തിലധികം പേരാണ്. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വളരെ കുറഞ്ഞ ചെലവിലുള്ള സുരക്ഷാ മാർഗമാണ് തൊഴിലില്ലായ്മ ഇൻഷുറൻസ്.
രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ 96 ശതമാനവും നിലവിൽ ഈ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നുണ്ടെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. യുഎഇയിലെ യോഗ്യരായ തൊഴിലാളികൾ പിഴ ഒഴിവാക്കാൻ ജൂൺ 30-ന് മുമ്പ് പദ്ധതിയിൽ അംഗമാകേണ്ടതാണ്. ജീവനക്കാർക്ക് അവരുടെ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് കൂടിയാലോചന നടത്താനും അധിക ആനുകൂല്യങ്ങൾ നേടാനും കഴിയുമെന്നും അൽ അവർ പറഞ്ഞു.
തൊഴിൽ വിപണിയിലെ സ്ഥിരത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന നയങ്ങളിൽ ഒന്നാണിത്. കമ്പനിയുടെ പാപ്പരത്തത്തിലോ ജീവനക്കാരുടെ കുടിശ്ശിക നൽകാൻ കഴിയാത്ത സാഹചര്യത്തിലോ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് തൊഴിലുടമകൾ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതുണ്ട്. സ്വദേശത്തേക്ക് പോകുന്നതിനുള്ള ചെലവുകൾ, സേവനത്തിന്റെ അവസാന ആനുകൂല്യങ്ങൾ, മരണം അല്ലെങ്കിൽ ജോലി സംബന്ധമായ പരിക്കുകൾ എന്നിവയിൽ ഗതാഗത ചെലവുകൾ, നൽകാത്ത ശമ്പളം എന്നിവക്ക് ഉൾപ്പെടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്.
വേതന സംരക്ഷണ സംവിധാനം എന്നറിയപ്പെടുന്ന മറ്റൊരു നൂതന സംവിധാനം ജീവനക്കാരുടെ ശമ്പളം സമയബന്ധിതവും സുരക്ഷിതവുണെന്ന് ഉറപ്പാക്കുന്നതാണ്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ മുഖേന കമ്പനികളും സ്ഥാപനങ്ങളും വേതന ബാധ്യതകൾ അവസാനിപ്പിക്കാൻ ഈ സംവിധാനം വഴി സാധിക്കും.