വിവാദങ്ങൾ സൃഷ്ടിച്ച ബോളിവുഡ് ചിത്രം ‘ദി കേരള സ്റ്റോറി’ 150 കോടി ക്ലബ്ബിൽ ഇടം നേടി. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം മെയ് അഞ്ചിനാണ് റിലീസ് ചെയ്തത്. പത്താമത്തെ ദിവസമാണ് നേട്ടം. ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി(NBOC) കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം എന്ന നേട്ടം കൂടിയാണ് ‘ദി കേരള സ്റ്റോറി’ സ്വന്തമാക്കിയത്. ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ ആണ് ഒന്നാം സ്ഥാനത്. ‘തു ജൂതി മെയിൻ മക്കാർ’, ‘കിസികാ ഭായ് കിസികി ജാൻ’ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം രണ്ടാമത്തെ വാരത്തിലെ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും ഞായറാഴ്ച 23.75 കോടിയും നേടി. തിങ്കളാഴ്ച്ച 10.30 കോടിയും ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യൻ ബോക്സ് ഓഫീസ് നൽകുന്ന കണക്കാണിത്. ആകെ 140.04 കോടിയാണ് ‘ദി കേരള സ്റ്റോറി’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർ ട്വീറ്റ് ചെയ്തു.
അതേസമയം കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കി. രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നിരവധി പേരാണ് സിനിമയ്ക്കെതിരെ രംഗത്ത് വന്നിരുന്നത്. പല സ്ഥലങ്ങളിലും ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരുന്നു.