വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത് ഇതാദ്യമായാണ്.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കും. അവിടെ കോൺഗ്രസ് അവർ പോരാട്ടം നടത്തട്ടെ. അതിൽ എന്താണ് പ്രശ്നം. പക്ഷെ അവരും മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കണമെന്നും മമത പറഞ്ഞു. കൂടാതെ സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ അവർക്ക് മുൻഗണന നൽകണമെന്നും മമത ആവശ്യപ്പെട്ടു.
കർണാടക തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോൺഗ്രസിന്റെ പേര് പറയാതെ, ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കിയതിന് കർണാടകയിലെ ജനങ്ങളെ മമത അഭിനന്ദിച്ചിരുന്നു. കർണാടകയിലെ വിജയം ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് പുതിയ ഉണർവാണ് പകരുന്നത്.