കര്‍ണാടകയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാൻ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ജനാഭിലാഷം നിറവേറ്റാൻ കോൺഗ്രസിന് ആശംസകൾ. പിന്തുണച്ചവർക്ക് ഒരുപാട് നന്ദി. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ബിജെപിയ്ക്ക് വേണ്ടി ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും കർണാടകയിൽ വിജയം നേടാൻ ആയില്ല. തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപിയ്ക്ക് പരാജയം സംഭവിച്ചു. ഹിന്ദുത്വ കാര്‍ഡ് ഇറക്കി പ്രചാരണം നടത്തിയിട്ടും പാര്‍ട്ടിക്ക് ജയിക്കാനായില്ല.
അതേസമയം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് രാജിവെക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ പരാജയം അംഗീകരിച്ചുകൊണ്ടാണ് ബൊമ്മൈ രാജി വയ്ക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനും സിദ്ധരാമയ്യക്കുമാണ് സാധ്യത.