കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ ബി സി നാഗേഷ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. സംസ്ഥാനത്തെ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത മന്ത്രിയാണ് ബി സി നാഗേഷ്. കൂടാതെ മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളാലും വംശഹത്യ പ്രസംഗം കൊണ്ടും കുപ്രസിദ്ധൻ കൂടിയാണ്. തിപ്റ്റൂര്‍ മണ്ഡലത്തില്‍ നിന്നാണ് നാഗേഷ് മത്സരിച്ചത്. കോണ്‍ഗ്രസിന്‍റെ കെ ഷദാക്ഷരി 17,652 വോട്ടിന് ബി സി നാഗേഷിനെ പരാജയപ്പെടുത്തി. മണ്ഡലത്തിൽ ശാന്തകുമാറാണ് ജെഡിഎസിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
അതേസമയം 2008ലും 2018ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ബി സി നാഗേഷ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. എന്നാൽ 2013ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഷദാക്ഷരി ആയിരുന്നു വിജയിച്ചത്. 2021ൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായപ്പോഴാണ് ബി.സി നാഗേഷ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വോട്ടെണ്ണല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോൾ കോണ്‍ഗ്രസ് 137 സീറ്റിൽ മുന്നിലാണ്. 62 സീറ്റുകളിൽ ബിജെപിയും ജെഡിഎസ് 21 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്നാൽ മന്ത്രിമാരടക്കമുള്ള ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് ഈ തെരഞ്ഞെടുപ്പിൽ അടിതെറ്റി.