മലപ്പുറത്തെ താനൂരിലുണ്ടായ ബോട്ടപകടത്തിൽ അറ്റ്ലാന്റിക് ബോട്ടിലെ സ്രാങ്ക് പോലീസ് പിടിയിലായി. താനൂരിൽ ഒളിവിലിരിക്കെയാണ് സ്രാങ്ക് ദിനേശൻ പിടിയിലായത്. അപകടം നടന്ന ഉടൻ തന്നെ ഇയാൾ നീന്തി രക്ഷപെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ദിനേശനെ പോലീസ് ചോദ്യം ചെയ്യലിന് വിധേയനാക്കി. അതേസമയം ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേരെ ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബോട്ടിന്റെ ഉടമയായ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ബോട്ട് സർവീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ നിസാര വകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷപ്പെടാൻ പൊലീസ് സഹായിക്കുന്നു എന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നാസറിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയാണ് താനൂരിലെ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച അറ്റ്ലാന്റിക് ബോട്ട് മുങ്ങിയത്. മത്സ്യബന്ധനം നടത്തുന്നതിന് ഉപയോഗിക്കുന്ന ബോട്ട് രൂപം മാറ്റിയാണ് വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത് പിന്നീട് കണ്ടെത്തി. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. അഞ്ച് യാത്രക്കാർ നീന്തി രക്ഷപ്പെടുകയായിരുന്നു.