‘ദി കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തിൽ ആരോപിക്കുന്ന മതം മാറ്റത്തിന് തെളിവ് സമർപ്പിക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചുകൊണ്ടുള്ള യൂത്ത് ലീഗിന്റെ കൗണ്ടറുകൾ തുറന്നു. ജില്ലാകേന്ദ്രങ്ങളിലായാണ് കൗണ്ടറുകൾ തുറന്നത്. വൈകുന്നേരം അഞ്ചു മണിയ്ക്കുള്ളിൽ 32,000 പേർ മതംമാറി ഐഎസിൽ ചേർന്നിട്ടുണ്ട് എന്ന് തെളിയിക്കുന്നവർക്ക് ഒരുകോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.
മലപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന കൗണ്ടർ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ച്, പാലക്കാട് കോട്ടമൈതാനം എന്നിവിടങ്ങളിലടക്കം വിവിധ ജില്ലകളിലാണ് യൂത്ത് ലീഗ് കൗണ്ടർ പ്രതിഷേധം സംഘടിപ്പിച്ചത്. വൈകുന്നേരം അഞ്ച് മണി വരെ കൗണ്ടറുകൾ പ്രവർത്തിക്കും. ഈ ഭൂമി മലയാളം ഉള്ളിടത്തോളം കാലം ആരും തെളിവുമായി വരില്ലെന്നാണ് വിശ്വാസം. കേരളത്തിലെ 14ജില്ലകളുടെയും ആസ്ഥാനത്ത് കൗണ്ടര്‍ തുറന്ന് ഇരിക്കുമെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. പാലക്കാട്ടെ കൗണ്ടർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെളിവുകള്‍ പൂരിപ്പിക്കാന്‍ പ്രത്യേക ഫോമും കൗണ്ടറുകളിൽ ലഭ്യമാണ്.
‘ദി കേരള സ്റ്റോറി’ സിനിമയുടെ ട്രെയിലർ പുറത്ത് വന്നതിന് ശേഷമാണ് കേരളത്തിൽ നിന്ന് 32000 പേർ മതം മാറി സിറിയയിലേക്ക് പോയെന്ന പ്രചാരണം ശക്തമായത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി രാഷ്ട്രീയ സാമൂഹിക, മത സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം സിനിമയുമായി ബന്ധപ്പെട്ട ഹർജികളിൽ സിനിമയുടെ റിലീസ് ദിവസമായ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേട്ടേക്കും. ജസ്റ്റിസുമാരായ എൻ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. എന്നാൽ വെറും ടീസർ കണ്ടുകൊണ്ട് മാത്രം സിനിമയെ വിലയിരുത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നാണ് ഇടക്കാല ഉത്തരവ്.