യുഎഇ നടപ്പാക്കുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിലേക്ക് സബ്സ്ക്രൈബ് ചെയ്യാൻ കഴിയുന്ന ജീവനക്കാരുടെ വിഭാഗങ്ങളുടെ എണ്ണം വിപുലീകരിച്ചു. രണ്ട് പുതിയ ക്ലാസുകൾ കൂടി കൂട്ടിച്ചേർത്തതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) വ്യക്തമാക്കി. ഫ്രീ സോണുകളിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും MoHRE പദ്ധതിയിൽ രജിസ്റ്റർ ചെയ്യാമെന്നാണ് അറിയിപ്പ്.
2023 ജനുവരി 1 മുതൽ സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് മന്ത്രാലയം നിർബന്ധമാക്കിയിരുന്നു.ജൂൺ 30-നകം വരിക്കാരായില്ലെങ്കിൽ ജീവനക്കാർ 400 ദിർഹം പിഴ അടയ്ക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിശ്ചിത തീയതി മുതൽ മൂന്ന് മാസത്തിലധികം പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ 200 ദിർഹം പിഴയും ചുമത്തും.
തൊഴിൽ നഷ്ട ഇൻഷുറൻസ് സ്കീമിന് കീഴിൽ രണ്ട് പദ്ധതികളാണുളളത്. 16,000 ദിർഹത്തിൽ താഴെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ പ്രതിമാസം 5 ദിർഹം അല്ലെങ്കിൽ പ്രതിവർഷം 60 ദിർഹവും വാറ്റുമാണ് നൽകേണ്ടത്.16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ സ്കീമിന് കീഴിൽ പ്രതിമാസം 10 ദിർഹം അല്ലെങ്കിൽ 120 ദിർഹം വാർഷിക പ്രീമിയവും വാറ്റും അടയ്ക്കേണ്ടിവരും.മൂന്ന് മാസത്തെ തൊഴിൽ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 60 ശതമാനം വരെയാണ് നഷ്ടപരിഹാരമായി നൽകുക.
ഒന്നോ രണ്ടോ വർഷത്തേക്ക് പോളിസി കാലയളവ് ലഭ്യമാണ്. ദുബായ് ഇൻഷുറൻസ്, ILOE വെബ്സൈറ്റ്, അൽ അൻസാരി എക്സ്ചേഞ്ച്, എടിഎമ്മുകൾ എന്നിവയിൽ നിന്ന് പോളിസികൾ കരസ്ഥമാക്കാമെന്നും മന്ത്രാലയം അറിയിച്ചു.