റിയാദ് എയറിനു പിന്നാലെ സൗദിയിൽ പുതിയൊരു ദേശീയ വിമാനക്കമ്പനികൂടി നിലവിൽ വരുന്നു. ഇതിനായി എയർ കാരിയർ ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായിസിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് പുതിയ എയർലൈൻ സർവീസ് നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.
2030-നകം പ്രവർത്തനമാരംഭിക്കാനാണ് നീക്കം. 250ലേറെ രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം 330 ദശലക്ഷം യാത്രക്കാർക്ക് യാത്ര സൗകര്യമൊരുക്കാൻ കഴിയുമെന്നും അതോറിറ്റി വിശദീകരിച്ചു.
എയർപോർട്ടിൽ നിന്നുള്ള ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്ക് ലൈസൻസ് നൽകും. വ്യോമയാന വിപണിയിലെ മത്സരശേഷി ഉയർത്താനും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനുമാണ് കിംഗ്ഡം ലക്ഷ്യമിടുന്നത്.
നിലവിൽ ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗദി എയർലൈൻസ്, നാസ് എയർലൈൻസ്, റിയാദ് കേന്ദ്രമായി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന റിയാദ് എയർ എന്നിവയാണ് സൌദിയുടെ ദേശീയ വിമാന കമ്പനികൾ.