ലൗ ജിഹാദും ഐഎസ് റിക്രൂട്ട്‌മെന്റും പ്രമേയമാക്കുന്ന ‘ദ കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട ട്രെയ്‌ലർ വന്നതിനു പിന്നാലെ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കോൺഗ്രസ്, സിപിഎം, ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രദർശാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സിറിയയിലേക്ക് കടത്തിയ 32,000 യുവതികളുടെ വിവരങ്ങൾ നൽകുന്നവർക്ക് ഒരു കോടി സമ്മാനം പ്രഖ്യാപിച്ച് യൂത്ത് ലീഗ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
സിനിമയുടെ ട്രെയിറിൽ 32,000 മലയാളികളെ സിറിയയിൽ എത്തിച്ചുവെന്ന് പറയുന്നതിന്റെ തെളിവ് നൽകുന്നവർക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദിയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനാമായി നൽകുന്ന പണം മലദ്വാർ ഗോൾഡ് വഴിയോ, ഹവാല, കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ല എന്നതിനാൽ ഇഡി, കസ്റ്റംസ് തുടങ്ങിയവർ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി നൽകുകയാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിവിധ മേഖലകളിൽ നിന്നും നിരവധി പേരാണ് ചിത്രത്തിനെ വിമർശിച്ച് രംഗത്തെത്തിയത്. സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സുദീപ്‌തോ സെൻ ആണ് സിനിമയുടെ സംവിധാനം.
അതേസമയം ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഉള്ളടക്കം ദുരുപയോഗം ചെയ്യപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കാൻ ആവില്ല. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും മലയാളികൾക്കുണ്ടെന്നും ശശി തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു.