മാർബർഗ് രോഗം പൊട്ടിപ്പുറപ്പെട്ട രണ്ട് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള യുഎഇയുടെ നിർദ്ദേശം തുടരണമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ. അബുദാബി പബ്ലിക് ഹെൽത്ത് സെൻ്ററിലെ ഇൻഫെക്ഷ്യസ് ഡിസീസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഫരീദ അൽ ഹൊസാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മഹാമാരിക്കാലത്ത് യുഎഇയുടെ കൊവിഡ് പ്രതിരോധത്തിൻ്റെ മുഖമായി മാറിയ വ്യക്തിയാണ് ഡോക്ടർ ഫരീദ.
നേരത്തെ യുഎഇയുടെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഇക്വറ്റോറിയൽ ഗിനിയയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകൾ പരമാവധി മാറ്റിവയ്ക്കണമെന്ന് യുഎഇയിലെ താമസക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടർ ഫരീദ ഞായറാഴ്ച പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ മാർബർഗ് വൈറസിനെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും മറ്റും വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.
മാർബർഗ് രോഗം അപൂർവവും എന്നാൽ കഠിനമായ രക്തസ്രാവമുണ്ടാകുന്ന പനിയും ആണെന്ന് ഡോക്ടർ വിശദീകരിച്ചു.ടാൻസാനിയയിലും ഇക്വറ്റോറിയൽ ഗിനിയയിലും രോഗത്തിൻ്റെ പരിമിതമായ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
വവ്വാലുകളാണ് മാർബർഗ് വൈറസിൻ്റെ പ്രധാന വാഹകരെന്നാണ് വിലയിരുത്തൽ. വൈറസുകൾ ഏറ്റാൽ മനുഷ്യർക്ക് വിവിധ രീതികളിൽ രോഗം ബാധിക്കാമെന്നാണ് മുന്നറിയിപ്പ്. പഴങ്ങളിലൂടെയും മറ്റുമുളള വവ്വാലുകളുടെ സ്രവങ്ങളിലൂടെയാണ്
രോഗം മനുഷ്യരിലെത്തുക. കുരങ്ങുകൾ പോലുള്ള രോഗബാധിതരായ മൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് വൈറസ് പടരാനും സാധ്യതയുണ്ട്.
രോഗബാധിതരുമായുളള സമ്പർക്കമാണ് മനുഷ്യരുടെ പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെ രോഗ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്ന സംശയാസ്പദമായ കേസുകളുമായി സമ്പർക്കം ഒഴിവാക്കണമെന്ന് ഡോക്ടർ ഫരീദ അഭ്യർത്ഥിച്ചു.
പനി, വിറയൽ, പേശിവേദന, ചുണങ്ങു, തൊണ്ടവേദന, വയറിളക്കം, ബലഹീനത, ഛർദ്ദി, വയറുവേദന, എവിടെനിന്നെങ്കിലും വിശദീകരിക്കാനാകാത്ത രക്തസ്രാവം, ചതവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവർ അടുത്തുള്ള മെഡിക്കൽ സ്ഥാപനത്തിൽ (ആശുപത്രി അത്യാഹിത വിഭാഗങ്ങൾ) സഹായം തേടണം. സംശയമുളള രോഗികൾ സാമൂഹിക അകലം പാലിക്കുകയും െഎസൊലേഷനിൽ കഴിയണമെന്നുമാണ് നിർദ്ദേശം.